Admission Help

മികവിന് ഡല്‍ഹി സര്‍വകലാശാല

അനുരൂപ് സണ്ണി  & അരുണ്‍ ഡി പോള്‍


ഡല്‍ഹി യൂണിവേഴ്സിറ്റി SRCC കോളേജില്‍ ബികോം ഓണേഴ്സ് ഡിഗ്രിക്ക് അഡ്മിഷന്‍ എടുക്കാന്‍ കൊമേഴ്സ് പഠിക്കാത്തവര്‍ക്ക് കട്ട് ഓഫ് മാര്‍ക്ക് 100%. : 2011 ജൂണ്‍ മാസം അക്കാഡമിക് സമൂഹത്തേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ച വാര്‍ത്തയാണിത്. എന്തുകൊണ്ട് കോളേജ് അധികൃതര്‍ അങ്ങനെ ചെയ്തു? അതുപോലെ തന്നെ, എന്തുകൊണ്ട് ,ഇക്കണോമിക്സ് ഓണേഴ്സ് ഡിഗ്രിക്കാരന് 40 ലക്ഷത്തിന് മുകളില്‍ ശമ്പളം വാഗ്ദാനം ചെയ്ത് ഡോഷേ ബാങ്ക്, മക് കെന്‍സി തുടങ്ങിയ ബഹുരാഷ്ട്രകമ്പിനികള്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ വരുന്നു? എങ്ങനെയാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി റോഡ്സ്, ഇന്‍ലാക്സ് മുതലായ പ്രശസ്ത സ്കോളര്‍ഷിപ്പുകള്‍ നേടി ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളില്‍ എത്തുന്നത്?

കേന്ദ്ര സര്‍വകലാശാല എന്നു വെച്ചാല്‍ ?

ഇവയ്ക്കുത്തരം അറിയണമെങ്കില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ പഠനനിലവാരത്തിന്റെ വ്യത്യസ്തത എന്തെന്നറിയണം. 1922 -ല്‍ വര്‍ഷങ്ങള്‍ പഴക്കം ചെന്ന മൂന്നുകോളജുകളുമായി സ്ഥാപിച്ചതാണ് കേന്ദ്രസര്‍വകലാശാലയായ ഡല്‍ഹി സര്‍വകലാശാല. കേന്ദ്രസര്‍വകലാശാലയെന്നാല്‍ ചാന്‍സലര്‍ ഉപരാഷ്ട്രപതിയായിരിക്കുകയും പ്രത്യേകമായ ബില്‍ പാര്‍ലമെന്റ് പാസാക്കുന്നതിലൂടെ നിലവില്‍ വരുകയും ചെയ്യുന്ന സര്‍വകലാശാലയാണ്. ദില്ലിയില്‍ തന്നെയുള്ള ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി തുടങ്ങിയ നാല്പത്തിരണ്ട് കേന്ദ്രസര്‍വകലാശാലകള്‍ ഇന്ത്യയില്‍ ഉണ്ട്. ഇവയില്‍ പന്ത്രണ്ടെണ്ണം നിര്‍മാണഘട്ടത്തിലാണ്. കേന്ദ്രസര്‍വകലാശാലകള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതേക അധികാര പരിധിയില്‍ വരുന്നതിനാല്‍ അവയ്ക്ക് സര്‍ക്കാരിന്റെ സാമ്പത്തികസഹായങ്ങള്‍ ലഭിക്കുകയും അത് അന്തര്‍ദേശീയ നിലവാരത്തിലുള്ള ഗവേഷണസാഹചര്യങ്ങള്‍ ഒരുക്കുകയും പാഠ്യനിലവാരം ഉയര്‍ത്തുകയും ചെയ്യുന്നു.

ഇന്ത്യയിലെ ആദ്യ  25 മികച്ച കോളേജുകളില്‍  9 ഇവിടെയോ?

ഇങ്ങനെയുള്ള കേന്ദ്രസര്‍വകലാശാലകളില്‍ ഏറ്റവും മുമ്പിലാണ് ഡല്‍ഹി യൂണിവെഴ്സിറ്റി(ഡി.യു.). നെല്‍സണ്‍ ഗ്രൂപ്പ് 2011 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഡി.യു. ഒന്നാം സ്ഥാനത്തായിരുന്നു. ഒപ്പം വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും വാഗ്ദാനം ചെയ്യുന്ന 84 ഡിപാര്‍ട്മെന്റുകളും 78 കോളേജുകളും അടങ്ങിയ ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വകലാശാലകളില്‍ ഒന്നുകൂടിയാണ് ഡല്‍ഹി യൂണിവേഴ്സിറ്റി. സര്‍വകലാശാലയിലെ ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഇക്കണോമിക്സ്, സോഷ്യോളജി, കോമേഴ്സ് വിഭാഗങ്ങള്‍, ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്റ്, ഫാക്കല്‍റ്റി ഓഫ് ലോ തുടങ്ങിയവ അതാത് മേഖലകളില്‍ രാജ്യത്തെ ഏറ്റവും നിലവാരമുള്ള സ്ഥാപനങ്ങളാണ്. ഇതിനുപുറമേ ആര്‍ട്സ്, സയന്‍സ്, വിഭാഗങ്ങളില്‍ ബിരുദപഠനത്തിന് സൗകര്യമുള്ള കോളേജുകളില്‍ ലേഡി ശ്രീറാം കോളേജ് ഫോര്‍ വുമണ്‍, സെന്റ് സ്റ്റീഫന്‍സ് കോളേജ്, , ഹിന്ദു കോളേജ്, മിറാണ്ട ഹൗസ്, ഹന്‍സ് രാജ് കോളേജ്, കിരോരി മാല്‍ കോളേജ്, രാംജാസ് കോളേജ്, ശ്രീ വെങ്കടേശ്വര കോളേജ് എന്നിവ ഇന്ത്യയിലെ ആദ്യ  25 മികച്ച കോളേജുകളില്‍ വരുന്നവയാണ്. കൊമേഴ്സില്‍ ശ്രീരാം കോളേജ് ഓഫ് കൊമേഴ്സിന്റെ വര്‍ഷങ്ങളായുള്ള ഒന്നാം സ്ഥാനം അനിഷേധ്യവുമാണ്. എന്തുകൊണ്ട്  ഡല്‍ഹി സര്‍വകലാശാല ബിരുദപഠനത്തിന് രാജ്യത്തെ ഏറ്റവും മികച്ച സ്ഥലമാകുന്നു?

ഓണേഴ്സ് ബിരുദം ? 

ഡി.യുവിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്, അവിടെ നല്‍കുന്ന ഓണേഴ്സ്(Honors) ബിരുദങ്ങളാണ്. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നല്‍കിവരുന്ന ബിരുദകോഴ്സുകളില്‍നിന്ന് വളരെ വ്യത്യസ്തമാണ് ഓണേഴ്സ് ബിരുദം. അതത് വിഷയങ്ങളില്‍ ആഴമായ പഠനമാണ് ഓണേഴ്സ് കോഴ്സുകള്‍ നല്‍കുന്നത്. ഉദാഹരണത്തിന്, കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ബി.എസ്.സി ഫിസിക്സ് പഠിക്കുന്ന വിദ്യാര്‍ത്ഥി മൂന്നു വര്‍ഷങ്ങളില്‍ 42 പേപ്പറുകള്‍ പഠിക്കുമ്പോള്‍ അതില്‍തന്നെ 12 പേപ്പറുകള്‍ മാത്രമേ ഫിസിക്സ് ഉള്ളൂ. അതേസമയം ഡി.യു. വില്‍ ബി.എസ്.എസി ഓണേഴ്സ് ചെയ്യുന്ന വിദ്യാര്‍ത്ഥി പഠിക്കുന്ന 24 പേപ്പറുകളില്‍ 20 പേപ്പറും ഫിസിക്സാണ്. അങ്ങനെ നല്ലൊരു ഗവേഷകനാകാന്‍ ആഗ്രഹിക്കുന്ന ഫിസിക്സ് വിദ്യാര്‍ത്ഥിക്ക് തനിക്ക് ആവശ്യമായ ഭാഗങ്ങള്‍ ആവശ്യത്തില്‍ പഠിക്കാന്‍ സാധിക്കുന്നു.  ഇത്തരത്തില്‍ ഒരു വിഷയത്തിലുള്ള ആഴമേറിയ അവഗാഹമാണ് വിദേശസര്‍വകലാശാലകള്‍ അവിടെ ഉപരിപഠനത്തിന് വരുന്നവരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഗ്രിഗറി മാന്‍ കിവ് നല്ലൊരു സാമ്പത്തികശാസ്ത്രജ്ഞന് അനിവാര്യമായ കണക്കിലുള്ള മികച്ച ഗ്രാഹ്യത്തെക്കുറിച്ച് ഊന്നിപറയുമ്പോള്‍ ഡി.യു. ഇക്കണോമിക്സ് ഓണേഴ്സ് കോഴ്സ് തുടര്‍ച്ചയായി പരിഷ്കരിക്കുകയും അതിലെ കണക്ക് പേപ്പറുകളുടെ എണ്ണം കൂട്ടുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ഓണേഴ്സ് കോഴ്സ് ചെയ്യുന്ന കുട്ടികള്‍ക്ക് എളുപ്പത്തില്‍ വിദേശപഠനത്തിന്‍ പോകാന്‍ സാധിക്കും. അതും പൂര്‍ണമായ സ്കോളര്‍ഷിപ്പോടുകൂടി. കണക്കുകള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ 2010-11 വര്‍ഷങ്ങളില്‍ ഓക്സ്ഫോഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ ഇന്‍ലാക് സ്കോളര്‍ഷിപ്പുവഴി പഠനത്തിനായി ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച 15 വിദ്യാര്‍ത്ഥികളില്‍ 6 പേരും ഡി.യുവില്‍ നിന്നായിരുന്നു. വിദേശ സര്‍വകലാശാലകളുമായുള്ള പ്രത്യേകസഹകരണത്തില്‍ അക്കാഡമിക് എക്സ്ചേഞ്ച് പദ്ധതിയില്‍ പോകുന്നവര്‍ വേറെയും. സിവില്‍ സര്‍വീസ് പരീക്ഷയുടെ സിലബസ് ഓണേഴ്സ് സിലബസിന് സമമാണ് എന്നതിനാല്‍ സിവില്‍ സര്‍വീസിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഓണേഴ്സ് കോഴ്സുകള്‍ മുതല്‍ക്കൂട്ടാണ്. വലിയ കട്ട് ഓഫ് മാര്‍ക്ക് കടന്നുവരുന്ന കുട്ടികള്‍ തന്നെയും യൂണിവെഴ്സിറ്റി സിലബസിന് മുകളില്‍ പോകുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ഓണേഴ്സ് ക്ലാസുകളില്‍ വിഷമത്തിലാവുക സ്വാഭാവികമാണ്. പക്ഷെ അത് അവരുടെ കഴിവുകളെ തേച്ചുമിനുക്കുവാനും അഭിരുചികളെ സ്വതന്ത്രമായി തേടുവാനും സമയം മെച്ചപ്പെട്ട രീതിയില്‍ വിനയോഗിക്കാനും അവരെ പ്രാപ്തരാക്കുന്നു.  ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, അപ്ലൈഡ് സൈക്കോളജി, ജേര്‍ണലിസം, ഇംഗ്ലീഷ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഹിസ്റ്ററി,മ്യൂസിക്, ആന്ത്രപ്പോളജി, ജിയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, പോളിമര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ് തുടങ്ങിയ 46 വിഷയങ്ങളില്‍ ഓണേഴ്സ് ബിരുദത്തിനുള്ള സൗകര്യം ഇവിടെയുണ്ട്.

തങ്ങളുടെ കോളെജില്‍നിന്ന് പുറത്തിറങ്ങുന്നവര്‍ ലോകനിലവാരത്തില്‍ പഠിച്ചുയരാന്‍ പ്രാപ്തരാക്കുന്നതിന് ശ്രദ്ധചെലുത്തുന്ന അധ്യാപകസമൂഹവും ഡി.യുവിന്റെ മുതല്‍ക്കൂട്ടാണ്. വര്‍ഷങ്ങളായുള്ള അക്കാഡമിക് പാരമ്പര്യവും തുടര്‍ഗവേഷണത്തിനുള്ള അവസരങ്ങളും രാജ്യത്തെ പ്രഗത്ഭരായ അധ്യാപകരെ ഡിയുവിലേക്ക് ആകര്‍ഷിക്കുന്നു. ഡി.എസ്. കോത്താരി, അമര്‍ത്യാ സെന്‍, ഇന്ദിരാ ഗോസ്വാമി, റോമിലാ താപ്പര്‍, ആന്ദ്രേ ബേറ്റല്‍ എന്നീ മഹാരഥന്മാര്‍ അവശേഷിപ്പിച്ച മഹത്തരമായ അക്കാഡമിക് പാരമ്പര്യമാണ് ഇവര്‍ അവകാശപ്പെടുന്നത്.

യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷനും എടുത്തുപറയേണ്ട ഒന്നാണ്. കഴിഞ്ഞവര്‍ഷം ആദ്യമായി നടന്ന സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വെറും പതിനാല് ദിവസംകൊണ്ടാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷകള്‍ മുടങ്ങുകയും ഫലം വൈകുകയും ചെയ്യുന്ന കേരളത്തിലെ സര്‍വകലാശാലകളുടെ സാഹചര്യം പരിഗണിക്കുമ്പോള്‍ മികച്ചൊരു നേട്ടമാണിത്.

ലച്ചര്‍ തിയേറ്ററുകളും(റിച്ചാര്‍ഡ് ഫേയന്‍മേന്‍ എന്ന ഭൗതിക ശാസ്ത്രജ്ഞന്‍ ക്ലാസ്റൂമുകളെ നാടകശാലകളാക്കി ഉയര്‍ത്തിയതുപോലെയാണ് ഡി.യു. വിലെ സയന്‍സ് ക്ലാസ്റൂമുകളുടെ പേരുകളും), വിപുലമായ ലൈബ്രറികളും, വൈഫൈ ക്യാമ്പസുകളുമുള്ള ഡിയുവിന്റെ മറ്റൊരു പ്രത്യേകത അവിടുത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന വ്യക്തിത്വവികാസമാണ്. ഉദാഹരണത്തിന് ഒരു ശാസ്ത്രജ്ഞയുടെ പ്രഭാഷണം ഫിസിക്സ് ലക്ചര്‍ തിയേറ്ററില്‍ നടക്കുമ്പോള്‍ തന്നെയായിരിക്കും സെമിനാര്‍ റൂമില്‍ കിരണ്‍ ബേദിയോ, കപില്‍ സിബലോ ആനുകാലിക ദേശീയ പ്രശ്നങ്ങളെപറ്റി വിദ്യാര്‍ത്ഥികളിമായി ചൂടേറിയ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്. അതുപോലെ ഒരു കോളേജില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് നടക്കുമ്പോള്‍ മറ്റൊരിടത്ത് ദേശീയ ഡിബേറ്റിംഗ് മത്സരമോ, ക്വിസ് മത്സരമോ അല്ലെങ്കില്‍ മോഡല്‍ യു. എന്നോ നടക്കുകയായിരിക്കും.ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന ഇവയൊക്കെതന്നെ പൂര്‍ണമായും വിദ്യാര്‍ത്ഥികളാണ് നടത്തുന്നത്. ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളില്‍ പങ്കെടുത്തും സംഘടിപ്പിച്ചും ബൗദ്ധികവളര്‍ച്ചയും നേതൃത്വപാടവവും അവര്‍ ആര്‍ജ്ജിക്കുന്നു. അതുകൊണ്ട് ആര്‍ട്സ് സയന്‍സ് വിഷയങ്ങള്‍ ഒരുമിച്ച് പഠിപ്പിക്കുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസ് വിദ്യാര്‍ത്ഥി സമൂഹത്തില്‍ സൃഷ്ടിക്കുന്ന വൈവിധ്യത്തിന്റെ മാനത്തില്‍ മറ്റേത് സ്ഥാപനങ്ങളെക്കാളും ബഹുദൂരം മുന്നിലാണ്.      

 ദില്ലി എന്ന തലസ്ഥാനനഗരി

ഇതിനെല്ലാംപുറമേയാണ് ദില്ലി എന്ന തലസ്ഥാനനഗരി ഒരുക്കിവച്ചിരിക്കുന്ന അനുഭവങ്ങള്‍. പുതിയ ഭാഷകള്‍, നാനാവിധ സംസ്കാരങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, അതിപുരാതനഗലികള്‍, വ്യത്യസ്തമായ ഭക്ഷണം, സാംസ്കാരിക കലാപരിപാടികള്‍, എക്സിബിക്ഷനുകള്‍, അന്തര്‍ദെശീയ കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍. ഒരു വിജ്ഞാനകുതുകിയെ എന്നും ദില്ലി ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

ഇക്കാരണങ്ങള്‍ കൊണ്ടാണ് ഡോഷേ ബാങ്ക്, മക്കെന്‍സി, ബെയന്‍ എന്നീ ബഹുരാഷ്ട്ര കമ്പനികള്‍ ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്തുകൊണ്ട് ഡിയുവില്‍ ഡിഗ്രികഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികളെ തേടിയെത്തുന്നത്. ഡിയുവിന്റെ മികവിന്റെ ഈ അന്തരീക്ഷം വിദേശപഠനം സുഗമമാക്കുകയും കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങളിലേക്കും അറിവിന്റെ പുതിയ മേഖലകളിലേക്കും അവരെ നയിക്കുകയും ചെയ്യുന്നു. ഡിയുവില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന ബൗദ്ധികവും വ്യക്തിത്വപരവുമായ വളര്‍ച്ചയും തൊഴില്‍ പഠന അവസരങ്ങളെയും മാറ്റിവെച്ചാല്‍തന്നെയും വേറിട്ടൊരു ചിന്തയ്ക്ക് കേരളത്തിന്റെ പശ്ചാത്തലത്തില്‍ പ്രസക്തിയുണ്ട്. വളരെ നല്ല മാര്‍ക്ക് വാങ്ങുകയും, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്യുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും പ്ലസ് ടൂവിനു ശേഷം എഞ്ചിനീയറിങ്ങിനും മെഡിസിനും മറ്റ് പ്രൊഫഷണല്‍ കോഴ്സിനുമുപ്പുറത്തേക്ക് ഒരു കരിയര്‍ ചിന്തിക്കാന്‍ ഭയക്കുന്നു. മാനവികവിഷയങ്ങള്‍ പഠിക്കുവാനും ഗവേഷണത്തിനുമായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവരേണ്ടതുണ്ട്. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലുമുള്ള എഞ്ചിനീയറിങ്ങ്, മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന എഞ്ചിനീയര്‍മാരും ഡോക്ടര്‍മാര്‍ക്കും ഒപ്പം അഭിരുചികള്‍ തിരിച്ചറിഞ്ഞ് നല്ല ഗവേഷകരും എഴുത്തുകാരും ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയനേതാക്കളും തത്ത്വചിന്തകരും ചരിത്രകാരന്മാരും ധനകാര്യ വിദഗ് ധരും ഉണ്ടാകണം. രാഷ്ട്രീയസമരങ്ങള്‍ അധ്യയനത്തെ ബാധിക്കാത്ത സര്‍വകലാശാലയിലെ കോളേജുകളില്‍ നിന്നാണ് ശശിതരൂര്‍, സല്‍മാന്‍ ഖുര്‍ഷിദ്, മണിശങ്കര്‍ അയ്യര്‍, അജയ് മാക്കന്‍, എന്നീ കേന്ദ്രമന്ത്രിമാരടക്കം ഇരുപതിലധികം എം.പിമാരും മൊണ്ടേക് സിംഗ് അഹ്ലുവാലിയ,കൗഷിക് ബസു തുടങ്ങിയ ധനകാര്യ വിദഗ്ദരും നിരവധി എഴുത്തുകാരും ഗവേഷകരും ബിരുദപഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്.

അഡ്മിഷന്‍ പ്രക്രിയ

ഡല്‍ഹി സര്‍വകലാശാലയിലെ അഡ്മിഷന്‍ പ്രക്രിയ ജൂണ്‍ ആദ്യവാരമാണ് ആരംഭിക്കുന്നത്. വളരെ ലളിതമാണ് ഓണേഴ്സ് ബിരുദകോഴ്സുകള്‍ക്കായുള്ള പ്രവേശനം. ഓരോ കോളേജും വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള കട്ട് ഓഫ് മാര്‍ക്ക് പ്രസിദ്ധീകരിക്കും. പിന്നോക്ക വിഭാഗക്കാര്‍ക്ക് കട്ട് ഓഫില്‍ 2-10 % കുറവുണ്ടാകും.കട്ട് ഓഫ് മാര്‍ക്കിന് മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് മതിയായ രേഖകളുമായി വന്ന് അതാത് കോളജുകളില്‍ അതാത് വിഷയങ്ങളില്‍ നിശ്ചിതസമയത്തിനുള്ളില്‍ അഡ്മിഷന്‍ എടുക്കാം. ഒരു ആപ്ലിക്കേഷന്‍ ഫോമിന്റേയും ആവശ്യമില്ല. എന്നാല്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ മാത്രം കട്ട് ഓഫ് മാര്‍ക്കിന് മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇതിന് പ്രത്യേകം അപേക്ഷിക്കണം. സെന്റ് സ്റ്റീഫന്‍സിലെ അഡ്മിഷന്‍ പ്രക്രിയ മെയ് മൂന്നാം വാരം ആരംഭിക്കും. ഡി.യുവിലെ മികച്ച കോളജുകളില്‍ എല്ലാം തന്നെ പല ഓണേഴ്സ് കോഴ്സിനും 90% ന് മുകളിലായിരിക്കും കട്ട് ഓഫ്.  

ഡി.യുവില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് നിരവധി പ്രതിസന്ധികളേയും നേരിടേണ്ടിവന്നേക്കാം. അക്കാഡമിക് സമ്മര്‍ദ്ദം, കഠിനമായ കാലാവസ്ഥ, വ്യത്യസ്തമായ ഭക്ഷണരീതികളും സംസ്കാരങ്ങളും, കൂടിയ ജീവിതച്ചെലവ് മുതലായവ അവയില്‍ ചിലതാണ്. എങ്കിലും ഈ പ്രശ്നങ്ങളെയൊക്കെ മറികടക്കാമെന്നും ഇവയെ അവസരങ്ങളാക്കി മാറ്റാമെന്നും ഡി.യു.വില്‍ ഇപ്പോള്‍ പഠിക്കുന്ന നൂറില്‍ പരം മലയാളി വിദ്യാര്‍ത്ഥികള്‍ തെളിയിക്കുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ അവരവരുടെ കോളേജുകളില്‍ സജീവസാന്നിധ്യമാണ് അവര്‍. 'മൈത്രി' യെന്ന പേരില്‍ അവര്‍ ഒരുമിച്ചുകൂടുന്നു. കലാപരിപാടികളും ചര്‍ച്ചകളും മലയാളചലച്ചിത്ര മേളകളും സംഘടിപ്പിക്കുകയും ചെയ്യുന്നു. ഡല്‍ഹിയില്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് പ്രവേശന പ്രക്രിയ, വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസസൗകര്യങ്ങള്‍, മികച്ച കോഴ്സുകളും കോളേജുകളും തുടങ്ങിയ സംശയങ്ങള്‍ക്ക് maithry.du@gmail.com എന്ന   വിലാസത്തില്‍ ബന്ധപ്പെടാം. www.du.ac.in എന്ന യൂണിവേഴ്സിറ്റി വെബ് സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.

ചുരുക്കത്തില്‍ ഡി.യു നിങ്ങളെ വിളിക്കുന്നു.
ചിറകുകള്‍ വിരിക്കാന്‍ നിങ്ങള്‍ തയാറാണോ?